Thursday, August 22, 2013

നു ജനറേഷൻ

എന്താണു നു ജനറേഷൻ സിനിമകൾ ?

 (A)    അവതരണത്തിലെ പുതുമ ( വിദേശ സിനിമകളുടെ അനുകരണം )

 (B)    ഗ്രാമീണതയിൽ നിന്നും കൊച്ചിയിലേക്കുള്ള പറിച്ചുനടൽ

 (C)    യുവാക്കളുടെ കയ്യിലെത്തിയിരിക്കുന്ന സിനിമ ( മക്കൾ ഭരണം )

 (D)    പ്രേക്ഷകരുടെ നേർക്കുള്ള തെറിവിളി , വളിവിടൽ തുടങ്ങിയ  

          അഭ്യാസങ്ങൾ

Saturday, August 17, 2013

അഞ്ചു



കറുകറുത്ത കാർമുഖിൽ, കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച ഞാൻ കണ്ടു !. അന്ന് ഞാൻ അഞ്ചുവിന്റെ മടിയിൽ തല ചായ്ച്ചു, ദൂരെ മഴയെത്തുന്നതും കാത്തു കിടക്കുകയായിരുന്നു.

ഇന്ന് ഞാൻ ജീവിതവും, ജീവനും തിരഞ്ഞു ഏതൊക്കെയോ തെരുവകളിലൂടെ അലയുന്നു. അപ്പോഴും ഞാൻ യഥാർത്ഥത്തിൽ  തിരയുന്നത് അവളെയാണ്  അവളെ മാത്രം!
.
കറുകറുത്ത കാർമുഖിൽ കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച ഞാൻ പിന്നെയും കാണുന്നു, കണ്ടുകൊണ്ടേയിരിക്കുന്നു.........

മഴയെ ഞാൻ വെറുക്കുന്നു, ഓരോ വട്ടം മഴ പെയ്യുമ്പോഴും അഞ്ചുവിന്റെ ഓർമ്മകൾ. കേരളത്തിൽ ജനിച്ചു പോയതുകൊണ്ടാവാം മഴയോടും മഴയത്തു നനഞ്ഞു കുതിർന്നു നിൽക്കുന്ന കന്യകയോടുമുള്ള ഈ അപാര പ്രണയം.
ആഫ്രിക്കൻ വനാന്തരങ്ങളിൽ മഴ പെയ്തു, നൈൽ നദിയുടെ തീരങ്ങൾ നനഞ്ഞു കുതിർന്നു, അപ്പോഴും ഓർമ്മയുടെ ചിറകിൽ പറന്നു കൊമ്പനാന പുറത്ത് കയറി കറുത്ത കാർമുഖിൽ വന്നു, കൂടെ അഞ്ചുവും! .

എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റേയും , ചിക്കാഗോ ടവറിന്റെയും ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ തുടുതുടാ വീണപ്പോഴും അഞ്ചു ഓർമ്മകളിൽ നിറഞ്ഞു. സൌത്ത് കൊറിയയിൽ ബുദ്ധ സന്യാസിയുടെ കുടിലിനു മുന്നിലും കൊമ്പനാന പുറത്ത് കയറി കറുത്ത കാർമുഖിൽ വന്നു, കൂടെ അഞ്ചുവും! .

അഞ്ചുവിനെ കുറിച്ചുള്ള ഓർമ്മകളാൽ തടവിലാക്കപെട്ടിരിക്കുകയാണ് ഞാൻ. ഭൂമിയിൽ മഴ പെയ്യുന്നത് അവൾക്കുവേണ്ടിയാവം, അന്ന് ഞാൻ അവളോടു അങ്ങനെയാണു പറഞ്ഞത്. എന്നിട്ടു അവൾ ചൂടിയിരുന്ന വാഴയില ദൂരേക്കു പറത്തിയെറിഞ്ഞു. അവളുടെ മുടിയിൽ നിന്നും, തുടുത്ത കവിളിൽ നിന്നും, നാണം തുളുമ്പിയ മൂക്കിൽ നിന്നും മഴത്തുള്ളികൾ നീന്തിതുടിച്ചു വന്നു എന്നെ നനയിച്ചു. അവളുടെ വയറോടു ചേർത്ത് ഞാൻ മുഖമമർത്തി. എന്തിനാണ് ഞാൻ  അന്നത് ചെയ്തത് ?, അറിയില്ല! .

എന്തോ ഒരു ശക്തിയാൽ എന്റെ മുഖം അവളുടെ ശരീരത്തോടു  ഇഴുകിചേർന്നു.കാർമുഖിൽ നിറഞ്ഞ ആകാശവും അതിനു പിന്നിലൊളിച്ച താരകളും ഒരു പക്ഷെ നോക്കിയിരിക്കാം, പ്രകൃതിയുടെ പച്ചപ്പ്‌ എന്നെ പൊതിഞ്ഞിരിക്കാം, കിളികൾ പാട്ട് പാടിയിരിക്കാം , ഭൂമിയുടെ ശീൽക്കാരങ്ങൾ എന്നെ പ്രകോപിപ്പിച്ചിരിക്കാം. മഴത്തുള്ളികൾക്കു അന്ന് ചൂടായിരുന്നു, ചെറിയ ചൂട് !. ആ ചൂടിൽ ഞാൻ അവളെ പുണർന്നുവോ , സഹിക്കാനാവാതെ എന്റെ വസ്ത്രം ഞാൻ ഊരിയെറിഞ്ഞുവോ ? !!.
എന്നെ പറ്റി മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ, പുരുഷന്റെ സ്വാർഥത!.  അവൾ എന്ത് ചെയ്യുകയായിരുന്നു ?
തന്റെ കന്യകാത്വം നഷ്ട്ടപെട്ടതോർത്ത്‌ കരഞ്ഞിരിക്കാം , തന്റെ സ്വകാര്യസമ്പാദ്യങ്ങൾ കവർന്നെടുത്ത എന്നെ വെറുത്തിരിക്കാം , അല്ലങ്കിൽ നാകനിർവ്രുതി നേടി പരിലസിച്ചിരിക്കാം, മഴയോടൊപ്പം ഒലിച്ചുപോയ തന്റെ വികാരസാഗരത്തെ കുറിച്ചോർത്തു ചിരിച്ചിരിക്കാം!! . ഓർമ്മയില്ല! .
ഞാൻ ഉണർന്നപ്പോൾ അവളുടെ കൈവിരലുകൾ എന്റെ തലമുടി താഴുകുന്നുണ്ടായിരുന്നു

ആകാശം തെളിഞ്ഞുനിന്നു, സൂര്യവെളിച്ചം എന്ന കണ്‍കെട്ടു വിദ്യക്ക് പിന്നിലൂടെ താരകൾ എന്നെ നോക്കി പരിഹസിക്കുന്നതായ് എനിക്ക് തോന്നി . പിടഞ്ഞെണീറ്റ ഞാൻ എന്തിനെയെക്കൊയോ പരതി, ആരെയെക്കൊയോ പരതി. മോഷണം കഴിഞ്ഞ കള്ളനെപ്പോലെ ഞാൻ പരിഭ്രമിച്ചു, ഞാൻ ഓടിയൊളിച്ചു .

എന്റെ ഓർമ്മകൾ ഇന്നും എന്നെ പിന്തുടരുന്നു . അമേരിക്കയിൽ ഇരുന്നു ഓർഗാനിക് കെമിസ്ട്രി പഠിക്കുമ്പോൾ വെളിയിൽ മഴ പെയ്തു . എന്റെ കണ്ണുകൾ അഞ്ചുവിനെ തിരഞ്ഞു , അവളുടെ കൈകൾ തിരഞ്ഞു , അവളുടെ മടിത്തട്ട് തിരഞ്ഞു . ലണ്ടനിൽ ഷാജി അങ്കിളിന്റെ വീടിന്റെ വെളിയിലെ ഗാർഡൻ ബെഞ്ചിലിരുന്നപ്പോഴും മഴ പെയ്തു. കൊമ്പനാന പുറത്ത് കയറി കാർമുഖിൽ വന്നു , അഞ്ചുവിന്റെ ഓർമ്മകൾ വന്നു . മഴ കഴിഞ്ഞപ്പോൾ തെളിഞ്ഞ മാനത്തിന്റെ മറവിലിരുന്നു താരകൾ എന്നെ കളിയാക്കി .

ഞാൻ ഓടിയൊളിക്കാൻ ശ്രമിക്കുന്നത് എന്റെ ഓർമ്മകളിൽ നിന്നുമാണ്. ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു. അവളെ കുറിച്ചുള്ള ഓർമ്മകളുടെ കൽത്തുറങ്കൽ തടവിലാണു ഞാൻ . ഇനിയെന്നാണ് കറുകറുത്ത കാർമുഖിൽ, കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച എനിക്ക് കാണാൻ കഴിയുക , അന്നെനിക്ക് തിരികെ പോകണം വെറുതെ അവളുടെ മടിയിൽ തല ചായ്ച്ചു ചെറുചൂടുള്ള മഴ നനയാൻ . ഞാൻ മഴയെ സ്നേഹിക്കുന്നു !!!....

Sunday, August 11, 2013

ആദ്യമായ്

മഴയായ് പോഴിയുവതെന്ത്
ആദ്യാനുരാഗത്തിൻ ഓർമ്മകളോ

തേൻതുള്ളികളായ് നിറയുവതെന്ത്
പ്രണയത്തിൻ സൌന്ദര്യമോ

ഈ ഇടനാഴിതൻ അകലങ്ങളിൽ നിന്ന്
തിരികേ വരൂ ഒന്നുകാണാൻ
തോളോടു തോൾ ചേർന്നു വെറുതെ നടക്കാൻ

ആർദ്രമാം മിഴികളിൽ, വിറയാർന്ന ചുണ്ടുകളിൽ
മധുരമായെത്തുന്നു നിന്റെ ഗന്ധം
പ്രണയത്തിൻ ഗന്ധം, ഓർമ്മകൾ തൻ സുഗന്ധം!.

രാവിതു പുലരുമ്പോൾ തെളിയുന്ന
മഴവില്ല് പോലെ, വിരിയുന്ന പൂമൊട്ടു പോലെ ...
വിരിയുന്നാ പഴയ പ്രണയം,..... ആദ്യപ്രണയം!.

Saturday, August 10, 2013

ഓര്‍മ്മകള്‍ ...ഓര്‍മ്മകള്‍ മാത്രം

പാതി പൊളിഞ്ഞൊരാ പഴയ കുടിലിന്റെ
ഉമ്മറപ്പടിയിൽ നാമൊത്തുനിന്നു

കോരിചൊരിയുന്ന മഴയൊന്നു ശമിക്കുവാൻ
പ്രാർത്ഥിച്ചു നാമൊത്തുകാത്തുനിന്നു

പൊടുന്നനെ മിന്നിയൊരാമിന്നലിൻ
വെട്ടത്തു പേടിച്ചു നീയെന്നരികിൽ നിന്നു

വന്നൂ പുറകാലെ ഒരുമുട്ടനിടി ശബ്ദം
പകർന്നൂ അതിനൊപ്പം  നീയെന്റെ കരവും മനവും ..

എൻ ഹൃത്തിൽ ചൂടുള്ളൊരനുഭൂതിയായ് മാറി
നീയെൻ നെഞ്ചോടു ചേർന്നു നിന്നു 


അരികിൽ നിന്നാ ജാമ്പമരം കുളിരണിഞ്ഞു !!!!
പുളിക്കും പിന്നെ മധുരിക്കും ജാമ്പക്കകൾ ഉതിർന്നുവീണു!!!..


ഓർക്കുന്നു പ്രായം നമുക്കന്നേറെ തുച്ഛം
വികാരവിഭ്രമം കൊണ്ടില്ല പാപചിന്തയും ഏശിയില്ല

ബാല്യത്തിൻ നിഷ്കളങ്കതയിൽ മുങ്ങി
നാമാ സൌന്ദര്യത്തിൽ മുഴുകിനിന്നു

അറിയില്ല നീയിന്നെവിടെയെന്നെങ്കിലും
ഒന്നാ ജാലകം തുറക്കൂ ഈ മഴയൊന്നു കാണാൻ

ഇന്നാ കുടിലില്ല!   ജാമ്പക്കാമരമില്ല!!

എങ്കിലും സഖേ , മഴയായ് പെയ്യുന്നു
ഓർമ്മകൾ ...ഓർമ്മകൾ മാത്രം .....

Sunday, August 4, 2013

നിശാസ്വപ്നം

നിൻ മുടിത്തുമ്പിൽ  നിന്നൂർന്നു വീഴുന്ന
ജലത്തുള്ളികളോ എൻ ഓർമ്മകൾ
നിൻ കണ്ണിമകളിൽ  മറയുന്ന
നിരർത്ഥ ഭാവങ്ങളോ എന്റെ  സ്വപ്നങ്ങൾ

വിജനമാമീവഴി തീരുവതെവിടേ  സഖീ
എപ്പോഴോ..... എന്നിൽ ഒഴുകി വന്നെത്തി !
പിന്നെപ്പോഴോ ...പിരിഞ്ഞ നീയും!..
മനതിൽ തുളുമ്പും  നിന്നോർമ്മകളും
തമസ്സിനകമ്പടിയായ് യാത്ര പോകുന്നു ..

മറ്റൊരു സ്വപ്നത്തിൽ തിരികെ വരുവാൻ ...

Saturday, August 3, 2013

മണ്‍വീണയില്‍ മഴ ശ്രുതി ഉണര്‍ത്തി




മണ്‍വീണയിൽ മഴ ശ്രുതി ഉണർത്തി
മറവികൾ എന്തിനോ ഹരിതമായി (2)
ഉപബോധ ഗിരികളിൽ അതിഗൂഡ ലഹരിയിൽ
ഹൃദയമാം പുലർകാല നദി തിളങ്ങി

ഒരു ദീർഘ നിദ്രവിട്ടുണരുന്ന വേളയിൽ
ശരബിന്ദു നാളം തെളിഞ്ഞു നിന്നും. (2)
തൊടികളിൽ പിടയുന്ന നിഴലുകൾ പിന്നെയീ
പകൽ വെളിച്ചത്തിൽ അനാഥമായി .
                                             ( മണ്‍വീണയിൽ ....)

ഒരു കുറി മുങ്ങി നീർന്നുണരുമ്പോൾ വേറൊരു
പുഴയായി മാറുന്നു കാലവേഗം (2)
വിരൽ തൊടുമ്പോഴേക്കു അടരുന്ന പൂക്കളായ്
നിറയുന്നു വിഭിനമായ് അന്തരംഗം .(2)
                                              ( മണ്‍വീണയിൽ .....)

      
റഭീഖ് അഹമ്മദ്

Friday, August 2, 2013

രമയുടെ സ്വപ്നങ്ങൾ








കുന്നിൻ മുകളിലെ മരച്ചുവട്ടിലിരുന്നു രമ ആകാശത്തേക്കു നോക്കി!!.

മേഘങ്ങൾ പരസ്പരം മത്സരിച്ച് എങ്ങോട്ടോ പായുകയായിരുന്നു , എന്താ

ഇത്ര വേഗതയിൽ ? ഈ മേഘങ്ങൾക്ക് പതുക്കെ പൊക്കൂടേ?

രമയുടെ ചിന്തകൾ മേഘങ്ങൾക്ക് പിന്നാലെ ദൂരേക്ക് ദൂരെ ചക്രവാളത്തിൻ അടുത്തേക്ക് സഞ്ചരിച്ചു .

ആകാശത്തിനു നിറം മാറിവരികയായിരുന്നു , രമയുടെ മുടിയിഴകൾ ഇളം

കാറ്റിൽ ചെറുതായ് പറന്നു കളിച്ചു .കൈ കൊണ്ട് മുടി ഒതുക്കി രമ പിന്നെയും നിറം മാറികൊണ്ടിരുന്ന ആകാശത്തേക്കു നോക്കിയിരിപ്പായ് !!.

നീലയും , ചുവപ്പും , വെള്ളയുമോക്കെയായ് അകാശം നിറം മാറികൊണ്ടിരുന്നു.

കുന്നിൻ അരികിൽ നിന്നും കേട്ട ആട്ടിൻകുട്ടിയുടെ കരച്ചിൽ രമയെ  സ്വപ്നാടനത്തിൽ നിന്നും ഉണർത്തി.
 രമ ചക്രവാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്ന നേരത്തായിരുന്നു അത് .

 ക്ടാവ് താഴ്വാരത്തിലേക്കുള്ള പാച്ചിലിൽ കാൽ വഴുതി മുൾച്ചെടിക്കുള്ളിൽ വീണിരിക്കുന്നു.

ഈ ക്ടാവിനെ കൊണ്ട് ഞാൻ തോറ്റു, കണ്ണു കാണില്ലേ ? സ്വപ്നം കണ്ടാണോ ഓടുന്നത് ?
രമ  മറ്റേതോ ജന്മതിലേതുപോലെ ആടിന്റെ രക്ഷകയായി.

ജനൽ അടക്കുമ്പോൾ രമ പിന്നെയും ആകാശത്തേക്കു നോക്കി ,

നിറയെ നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യ!!!.

 സ്വപ്‌നങ്ങൾ നിറഞ്ഞ രമയുടെ മനസ്സിൽ നക്ഷത്രങ്ങൾ മിന്നിതുടങ്ങിയിരുന്നു.

 രമേ നിന്റെ ചിന്തകൾ മുഴുവനും പൈങ്കിളിയാണ് !!!!, ആനമരിയേടതാണ് പരാതി . അവൾ കളിയാക്കും പേര് പോലെതന്നെ രമയും നുറാണ്ടുകൾക്ക് മുമ്പ് പിറന്ന ഗ്രാമീണ പെണ്ണാണെന്ന് .

 രമക്ക്‌ മാത്രമേയുള്ളു ഇങ്ങനെ ഒരു പേരു, "രമ" !!. കേട്ടാൽ തന്നെ അറിയില്ലേ എതോ പൈങ്കിളി കഥാകാരന്റെ ഭാവനയിലെ പൈങ്കിളി പെങ്കിടാവിന്റെ പേരാണെന്ന് .

രമക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട് . ഒരു പക്ഷെ അതാവാം താനും ഇത്ര പൈങ്കിളിയായ് പോയത് .

തന്റെ ചിന്തകളും സ്വപ്നങ്ങളും ഈ കാലത്തിനു ചേർന്നതേയല്ല ,

ഭൂതകാലത്തിന്റെ പിടിയിൽ നിന്നും വിമുക്തമാകാത്ത ആത്മാക്കളുടെ വലയിത്തിലാണു താൻ .

തന്റെ കുട്ടുകാരുടെ പേരുകൾ എത്രയോ മനോഹരമാണ് !
കണ്ണടയുള്ളവൾ ആൻമരി! ഒരു ബ്രിട്ടീഷ് രാന്ജ്ഞ്ജിയുടെ  പേരു പോലെയുണ്ട് , പിന്നെയുമുണ്ട് ജെന്നി , ക്രിസ്റ്റീന , പ്രവീണ , ലവ്യ , ഫൌസി അങ്ങനെ ഒത്തിരി. പക്ഷെ തന്റേതു മാത്രം രമ , പൈങ്കിളി കഥാകാരന്റെ നായിക !.

റ്റീച്ചർ ചോദിച്ചു ഫ്യൂച്ചർ പ്ലാൻസ് എന്തുവാന്നു ?

രമ പറഞ്ഞു , എനിക്ക് മലയാളം BA ക്ക് പോണം പിന്നെ MA പിന്നെ ....
റ്റീച്ചർ മുഴുവിക്കാൻ സമ്മതിച്ചില്ല !

 എന്താ രമാ ഇത് ? എന്തേലും യൂസ് ഉള്ള കാര്യം ചെയ്തുടെ? മെഡിസിൻ വിഭാഗം എന്തേലും അല്ലെങ്കിൽ ആർക്കിടെക്ചർ ഓർ എഞ്ചിനീയറിംഗ് അങ്ങനെ വല്ലതും ഇനി രമക്ക്‌ ആര്ട്സ് ആണിഷ്ട്ടമെങ്കിൽ ഡിസൈനിംഗ് നോക്കൂ .

ഈ മലയാളം BA ഒന്നും ഈ കാലത്ത് കിട്ടാനില്ല .

ക്ലാസ് മുറിയിൽ നിറയെ ചിരി പടർന്നു.

രമ ജനാലക്കപ്പുറത്തെ ആകാശത്തേക്കു നോക്കി , മേഘങ്ങൾ ഇപ്പോഴും യാത്രയിലാണ്. മേഘങ്ങൾ കൂട്ടിമുട്ടി വലിയ സ്ഭോടനം നന്നിരുന്നേൽ എന്ന് രമ മോഹിച്ചു . നക്ഷത്രങ്ങൾ എല്ലാം തകർന്നു വീഴണം . കൂർത്ത അറ്റം പതിച്ചു ഈ ലോകം നശിച്ചിരുന്നേൽ , രമയുടെ വിചാരങ്ങൾ പൈങ്കിളി ഭാവനകളിൽക്കുടി നീങ്ങി .

ആട്ടിൻകുട്ടി കരയുന്നു !

രമക്ക്‌ സൌര്യത നൽകാതെ ക്ടാവ് നിലവിളിച്ചുകൊണ്ടെയിരുന്നു,

കെട്ടഴിചുവിടൂ രമേ , എനിക്ക് പോണം എനിക്കാ കുന്നിന്റെ അരികിൽ നിന്നും താഴേക്ക് ചാടണം . ആ താഴ്വാരത്തിലേക്കു സ്വതന്ത്രമായി പറക്കണം ! എന്നെ കെട്ടഴിചുവിടൂ രമേ .

രമ തന്റെ സ്വാതന്ത്ര്യത്തെ കുറിച്ചോർത്തു, താൻ നിസഹായയാണു . കെട്ടില്ലാതെ പറക്കാൻ എനിക്ക് കഴിയില്ല , ചക്രവാളം മുറിച്ചു കടക്കാൻ , മേഘങ്ങൾക്കൊപ്പം വേഗത്തിൽ പായാൻ , നിറം മാറുന്ന ആകാശത്തിന്റെ കീഴിലിരുന്നു സ്വപ്നാടനം നടത്താൻ തനിക്കു കഴിയില്ല , താൻ ബന്ധനസ്തയാണു .

ഏതോ ഭ്രാന്തനായ പൈങ്കിളി കഥാകാരന്റെ ഭാവന .

 രമ കരയാൻ തുടങ്ങി കരഞ്ഞു കരഞ്ഞു രമ കുന്നിൻ മുകളിലെ മരച്ചുവട്ടിൽ തളന്നുറങ്ങി.

ആട്ടിങ്കുട്ടി മോചിതനായി ! തുള്ളിചാടികൊണ്ട് അത് പാഞ്ഞു നടന്നു . കരച്ചിൽ മാറി ഇപ്പോൾ ആരെയൊക്കെയോ കളിയാക്കി പാടുകയായിരുന്നു ക്ടാവ്.

ആനമരിയേ....പന്നികുട്ടീ ....ക്ടാവ് പരിഹസിച്ചു പാടി ......

രമാ...രമാ .....ആ വിളിയിൽ സൌന്ദര്യം നിറയുന്നതായ്‌ തോന്നി . നോക്കിയിട്ടും നോക്കിയിട്ടും കാണാതെ ക്ടാവ് കുന്നിന്റെ അരികിലേക്ക് ഓടി
താഴ്വാരത്തിലേക്കു പറന്നുകൊണ്ടിരിക്കുകയായിരുന്നു രമ!!, കെട്ടുകളൊന്നും ഇല്ലാതെ സ്വതന്ത്രയായി !.

 ഇപ്പോൾ മേഘങ്ങൾ നിശ്ചലരായി നോക്കി നിൽക്കുന്നു, ആകാശത്തിൽ നിറങ്ങൾ എല്ലാം തെളിയുന്നു, നക്ഷത്രങ്ങൾ താഴേക്കു പതിക്കുന്നു.......

രമയുടെ സ്വപ്നങ്ങൾ എന്നും പൈങ്കിളിയാണു .