Saturday, June 18, 2011

ചിന്നമ്മ എന്ന കാവല്‍ക്കാരി

സുധേ! സുധേ!

ചിന്നമ്മയുടെ പതിവില്ലാത്ത വിളി കേട്ടാണ് സുധ രാവിലെ വാതില്‍ തുറന്നത്

എന്താ ചിന്നേച്ചീ!?

മോളേ അജയനെന്തിയേ?

ചിന്നമ്മയുടെ മുഖഭാവത്തില്‍നിന്നും എന്തൊ പ്രശ്നമുണ്ടെന്ന് സുധക്ക് വ്യക്തമായ്

അജയേട്ടന്‍ കവലയിലേക്ക് പോയല്ലോ ചിന്നേച്ചീ !! എന്താ കാര്യം

മോളേ അവന്‍ ജയിലീന്നിറങീട്ടുണ്ട് ! ആ രാഘവന്‍.. രാവിലത്തെ ബസിലുണ്ടെന്നാ കേട്ടത്

നേരാണോ ചിന്നേച്ചീ? ദേവി എന്താ ചെയ്യ ആ നാശം ഇത്ര പെട്ടെന്ന് ഇറങ്ങിയോ, അജയേട്ടനെ കണ്ടാല്‍ ഈശ്വരാ ഓര്‍ക്കാന്‍ വയ്യ

സുധ തളര്‍ന്നിരുന്നു!!!!

മോളേ ഞാന്‍ കവലയിലോട്ട് ചെല്ലട്ടെ അജയനോട് ഇവിടുന്ന് മാറാന്‍ പറയണം, കുറച്ച് നാളത്തേക്ക് നിന്റെ വീട്ടിലോട്ടെങ്ങാനും പൊക്കോ അവന്‍ കൊല്ലാനുള്ളപകയുമായിട്ടാ ഇറങ്ങിയിട്ടുള്ളത് അതുറപ്പാ......

കവലയിലേക്ക് ഓടുന്നതിനിടയില്‍ ചിന്നമ്മ വിളിച്ചുപറഞ്ഞു....

റബര്‍ തോട്ടത്തിനിടയില്‍ കൂടി ബസ് വരുന്നത് കണ്ട് ചിന്നമ്മ കവലയില്‍ ദേവസ്യയെ നോക്കി ചോദിച്ചു

ദേവസ്യേ അജയനെന്തിയേ???

ചിന്നേച്ചീ അവനെ നമ്മള് മാറ്റിയിട്ടുണ്ട് !! നിങ്ങളാ പെണ്ണിനേം പിള്ളേരേം വിളിച്ചോണ്ട് വീട്ടിലോട്ട് പൊക്കോ

ദേവസ്യയുടെ സ്വരത്തില്‍ ആപത്ത് പ്രതീക്ഷിക്കുന്നതിന്റെ അടയാളവും ഭയവും മുഴങ്ങിക്കേട്ടു

ബസില്‍ നിന്നിറങ്ങിയ രാഘവനെ കണ്ട് നാട്ടുകാര്‍ ഒന്ന് സ്തംഭിച്ചു, ജയിലില്‍ കിടന്നതിന്റേതായ ഒരു മാറ്റവും അയാള്‍ക്കില്ല പഴയ ഉറച്ച ശരീരവും കൂര്‍ത്ത മുഖവും പേടിപ്പിക്കുന്ന കണ്ണുകളും അതുപോലെ . ആ കണ്ണുകളിലും നോട്ടത്തിലും അയാള്‍ക്കുള്ളില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവനെതിരെയുള്ള പകയാണെന്ന് നാട്ടുകാര്‍ വായിച്ചെടുത്തു.

രാഘവന്‍ ചുറ്റും നോക്കി തന്നെ നാട്ടുകാര്‍ ഇപ്പൊഴും ഭയപ്പെടുന്നുവെന്ന് അയാള്‍ക്ക് വ്യക്തമായി, അതിന്റെ അടയാളമായ് ചിലര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും അയാള്‍ കണ്ടു. പണത്തിനു വേണ്ടി എന്തും ചെയ്തിരുന്ന പഴയ രാഘവനല്ല താനെന്ന് വിളിച്ചുപറയാന്‍ അയാള്‍ക്ക് തോന്നി പക്ഷെ അതിനു മുതിരാതെ തല താഴ്ത്തി നടക്കാനേ രാഘവന് കഴിഞ്ഞുള്ളു. ദേവസ്യയുടെ കടയുടെ പുറകില്‍ നിന്നും ആ നടപ്പ് ചിന്നമ്മ നോക്കി നിന്നു. ആ നടപ്പിലെ നല്ല സൂചനകള്‍ കണ്ടുനിന്നവര്‍ മനസ്സിലാക്കും മുമ്പേ ചിന്നമ്മ ദേവസ്യയോടു പറഞ്ഞു
നിങ്ങള്‍ അജയനെ മാറ്റിയിട്ടുണ്ടെന്ന് അവനറിയാം അത് തന്ന ഒരക്ഷരം മിണ്ടാതെ നടക്കണത്, ആ നടപ്പ് കണ്ടാല്‍ അറിഞ്ഞൂടേ ദേഷ്യം കടിച്ചുപിടിച്ചാ പോണതെന്ന് !!

ഭാഗ്യം അജയനെ കാണാത്തത് കണ്ടിരുന്നേല്‍ ഇന്ന് തന്നെ അവന്റെ കാര്യം തീര്‍ന്നേനേ

ദേവസ്യയുടെ കടയില്‍ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു.

സുധേ ! വാതില്‍ തുറക്ക് മോളേ

ചിന്നേച്ചീ അങ്ങേരെത്തിയോ എന്തായീ???

സൂക്ഷിക്കണം മോളേ അജയനെ മാറ്റിയിട്ടുണ്ട്, പക്ഷെ അവന്‍ കവലയില്‍ നിന്നൊരു പ്രകടനം നടത്തിയിട്ടാ പോയേക്കണത് ജയിലില്‍ കിടന്നിട്ടും ഒരു മാറ്റവുമില്ല പക ഇരട്ടിച്ചിരിക്കണന്നാ പറയേണ്ടത്....

അജയേട്ടനെപറ്റി എന്തേലും ??

കൊലവിളി നടത്തിയിട്ടാ പോയത് , കാണാഞ്ഞത് ഭാഗ്യം ! മോള്‍ടെ ഭാഗ്യന്ന് പറഞ്ഞാല്‍ മതീല്ലൊ!!!!

ചിന്നേച്ചി ഉള്ളതാ എനിക്കൊരു ധൈര്യം !!

അതെനിക്കറിയാം മോളെ! ഞാന്‍ ഉള്ളിടത്തോളം കാലം അവനീ മുറ്റത്ത് കേറത്തില്ല അത് ഞാന്‍ നോക്കികോളാം!!!

ഇതാ ചിന്നേച്ചി ഇതു വച്ചോ!!!


സുധ ചിന്നമ്മയുടെ കയ്യിലേക്ക് രണ്ട് നൂറിന്റെ നോട്ട് വച്ചുകൊടുത്തു!

ചിന്നമ്മ തന്റെ ജോലി പൂര്‍ത്തിയാക്കി കൂലിയും വാങ്ങിയ സന്തോഷത്തില്‍ നടന്നു, സുധ വാതിലും പൂട്ടി പൂജാമുറിയിലേക്ക് പോയി. ആ പകല് മുഴുവനും രാഘവിന്റെ വരവായിരുന്നു ഏവരുടേയും സംസാരവിഷയം. പഴയ കഥകള്‍ കുഴിതോണ്ടിയെടുത്തും രാഘവന്റെ പകയെ പറ്റി വാചലരായും സുധയേയും അജയനെയുംക്കുറിച്ച് സഹതപിച്ചുമൊക്കെ നാട്ടുകാര്‍ രാഘവന്റെ വരവ് ഒരു സംഭവമാക്കി

ചുവപ്പണിഞ്ഞ ആകാശത്തിലൂടെ പക്ഷികള്‍ കൂടണയാന്‍ യാത്രയാവുന്നു, റബര്‍മരങ്ങള്‍ തങ്ങളറിഞ്ഞ രഹസ്യം പരസ്പരം കൈമാറി ചര്‍ച്ചയിലേര്‍പ്പെടുന്നതുപോലെ ശിഖരങ്ങള്‍ തമ്മിലുരസി പിറുപിറുക്കുന്നു. അവയെ തൊട്ടുതലോടി ഒരു കുളിര്‍കാറ്റ് ചൂടുപിടിച്ച ഭൂമിയെ തഴുകി ശാന്തമാക്കനുള്ള ശ്രമത്തിലേര്‍പ്പെട്ടു.

കുഞ്ഞൂട്ടന്‍ ഓടുകയായിരുന്നു ചെരുവിലെ മാധുവിന്റെ വീട്ടിലേക്ക്!!

മാധുവേച്ചിയേ !! കതക് തുറക്ക് കുഞ്ഞൂട്ടനാ

കുറച്ച് കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞൂട്ടന്‍ കതകില്‍ തട്ടി പിന്നെയും വിളിച്ചു

അകത്തൊണ്ടെന്നെനിക്കറിയാം കതക് തുറക്കെന്നേ.....

അഴിഞ്ഞുകിടന്ന മുടിയൊതുക്കി മാറിലേക്കൊരു തോര്‍ത്തും വലിച്ചിട്ട് മാധു കതക് തുറന്നു.!

എന്താടാ ചെറുക്കാ വിളിച്ചു കൂവുന്നത് ഉറങ്ങാനും സമ്മതിക്കേലേ?

മാധുവേച്ചി ഉറങ്ങിക്കോ പക്ഷെ ആശാനെ ഇങ്ങോട്ട് ഇറക്കിവിട്!!

ആശാനോ? ഏതാശന്‍ ? ഇവിടൊരാശനും ഇല്ല.

വേലയിറക്കല്ലേ മാധുവേച്ചി , ആശാനിവിടുണ്ടെന്നെനിക്കുറപ്പാ. പിന്നെ ആകെ വിയര്‍ത്തിരിക്കുന്നു പൊയ് കുളി ആ നേരമെങ്കിലും ഞാന്‍ ആശാനെയൊന്നു കണ്ടോട്ടെ...ഹാ വിളി മാധുവേച്ചി!!!

കിടന്ന് കൂവാതട ചെറുക്കാ രാഘവേട്ടന്‍ ഉറക്കവാ

മ്മ്മ്മ്...രാഘവേട്ടന്‍!!! തളര്‍ന്നുറങ്ങിയതായിരിക്കും!!


ഈ ചെറുക്കനങ്ങോട്ട് വളരണില്ലല്ലോ മാധൂ!!!

ചെറിയ ചിരിയുമായ് രാഘവന്‍ വെളിയിലോട്ടെറങ്ങി വന്നു.

എങ്ങനെ വളരും ? അവന്റെ കൈവേല കുറക്കാന്‍ പറ!. മാധു അകത്തേക്ക് കേറി പോവുന്നതിനിടയില്‍ കുഞ്ഞൂട്ടനെ കളിയാക്കി

ആശാനേ! ഒരു മാറ്റവുമില്ലല്ലോ...കലക്കി ആശാനെ ജയിലില്‍ കിടന്ന് നശിക്കുമെന്ന് പറഞ്ഞവന്മാരൊക്കെ ഇനി പേടിച്ചു മുള്ളും!

അതെ ഇങ്ങനെ ഇവിടെ കേറി അടയിരുന്നാല്‍ മതിയോ പണി തൊടങ്ങണ്ടേ??

തിരിച്ച് രാഘവന്‍ മറുപടി ഒന്നും പറയുന്നില്ല എന്നു മനസ്സിലാക്കി കുഞ്ഞൂട്ടന്‍ തുടര്‍ന്നു

ഞാന്‍ റെഡിയാ, ആശാനൊന്നു മൂളിയാല്‍ മതി.

എന്തു പണിയാ കുഞ്ഞൂട്ടാ????

ഹ! ഇതു നല്ല ചോദ്യം ആ അജയന്‍ പന്നിടേം പിന്നെ അവന് വക്കാലത്ത് ചെയ്ത് കൊടുക്കുന്ന കുറേ പന്നന്മാരുടേയും കച്ചവടം തീര്‍ക്കണം !. ഇനി ഒരുത്തനും ആശാനെതിരെ സാക്ഷിയെന്ന് പോട്ടേ കൈ പൊക്കാന്‍ പോലും ധൈര്യം കാണിക്കരുത്!

അതോ? മ്മ്...രാഘവന്‍ ഒന്നു മൂളുക മാത്രം ചെയ്തു.

ആശാന് ഞാനൊരു ടൂള്‍ കൊണ്ടുവന്നിട്ടുണ്ട്, ടൗണീന്നു പൊക്കിയതാ...അത് പറഞ്ഞ് കുഞ്ഞൂട്ടന്‍ തന്റെ അരയില്‍ തിരുകിയിരുന്ന തോക്കെടുത്ത് രാഘവനു നേരെ നീട്ടി.

ഇതുകൊണ്ട് അവന്റെ പള്ളേല് തൊളയിടണം!!!

രാഘവന്‍ തോക്ക് മേടിച്ചതിനുശേഷം ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിചിരുന്നു

കുഞ്ഞൂട്ടാ തോക്ക് ഭീരുവിന്റെ ആയുധമാണ്!. ഒരു വെടി കൊണ്ട് എന്റെ ശത്രുവിനെ എനിക്കു നശിപ്പിക്കാമെങ്കില്‍ ആ യുദ്ധത്തിലെന്താ ഒരു ത്രില്‍ ഹേ??

അപ്പോ ആശാന്റെ പ്ലാന്‍ എന്തുവാ?

പ്ലാന്‍ ഇന്നു രാത്രി നമ്മളിവിടം വിടുവാ ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര ദൂരേക്ക്...

ഹ ! അപ്പൊ ആ പന്നനോ ആശാനേ ! അവനൊരു പണി കൊടുക്കാതെ ഞാനെങ്ങോട്ടും ഇല്ല, ആശാനെ അങ്ങനെ പേടിച്ചോടാന്‍ വിടത്തുമില്ല

പേടിച്ചോട്ടം ഒന്നുമല്ല കുഞ്ഞൂട്ടാ അവന് നമ്മക്ക് പണി കൊടുക്കാം , അതിനിപ്പൊ ഇവിടെ നിക്കണോന്നുണ്ടോ?ടൗണില്‍ ഇതിലും മികച്ച ഒരു പണി കണ്ടുവച്ചിട്ടാ നിന്നെ വിളിക്കണത്....

ഞാന്‍ വരാം പക്ഷെ ആശാന്‍ ഉറപ്പായിട്ടും ആ പന്നന്‍ അജയനും അവന്റെ കൂടെ നടക്കണ കുറേ പേപ്പട്ടികള്‍ക്കും നാക്ക് പൊക്കാന്‍ പറ്റാത്ത പണി കൊടുക്കുമെന്നെനിക്ക് ഉറപ്പ് തരണം!!

അത് ഞാന്‍ ഏറ്റ് കുഞ്ഞൂട്ടാ..

മാധുവിന്റെ കൂരയുടെ കതകില്‍ ഒരെഴുത്ത് മാത്രം ബാക്കിവച്ച് രാഘവനും കുഞ്ഞൂട്ടനും മാധുവും ആ രാത്രി ആ നാട് വിട്ട് പോയി!. പുതിയൊരു ജീവിതസ്വപ്നമാണയാളെ മാറ്റിയെടുത്തത് കൂടെ എടുത്ത് ചാടി ജീവിതം നശിപ്പിക്കാതെ കുഞ്ഞൂട്ടനേയും അയാള്‍ കൂടെക്കൂട്ടി.

ആ കത്ത് കിട്ടിയത് ചിന്നമ്മക്കായിരുന്നു, ഇനി തിരിച്ചുവരില്ലെന്നും അജയനോട് ഒരു പകയുമില്ലെന്നുമൊക്കെയുള്ള കത്ത് കണ്ട് ചിന്നമ്മ അന്തിച്ചു!.പക്ഷെ ആ കത്ത് ചിന്നമ്മയല്ലാതെ മറ്റാരും കണ്ടില്ല. പകരം നാട്ടുകാര്‍ കണ്ടത് ചിന്നമ്മ എഴുതിയ കത്തായിരുന്നു, അതില്‍ അജയനോട് കരുതിയിരിക്കാനുള്ള മുന്നറിയുപ്പുണ്ടായിരുന്നു അജയനെ ഒളിപ്പിക്കുന്ന നാട്ടുകാരോടുള്ള പകയുണ്ടായിരുന്നു.

സുധേ!സുധേ ഇത് ചിന്നേച്ചിയാ...

എന്താ ചിന്നേച്ചി?

മോളെ അജയനെന്തിയേ? ആ രാഘവന്‍ ചന്തയില്‍ ആളെ പറഞ്ഞുവിട്ടിരിക്കുന്നു, അജയന്‍ ഇവിടുണ്ടോന്നറിയാന്‍

സുധ പിന്നെയും ദേവിയെ വിളിച്ചു കരഞ്ഞു, ദേവസ്യ അജയനെ ഒളിപ്പിച്ചു, അവസാനം ചിന്നമ്മ സുധയുടെ കയ്യില്‍ നിന്നും നൂറു രൂപയുടെ നോട്ടുകളുമായ് നടന്നു!
ആ പോക്കില്‍ അവര്‍ വിളിച്ചുപറഞ്ഞു

പേടിക്കണ്ട മോളേ ഞാനുള്ളടത്തോളം കാലം അവനീ മുറ്റത്ത് കാല് കുത്തുകേല!!

സുധയും അജയനും ദേവസ്യയും നാട്ടുകാരും രാഘവന്റെ വരവ് പ്രതീക്ഷിച്ചു പേടിച്ചു ജീവിച്ചു . ആ പേടി ചിന്നമ്മ മരിക്കുന്നതു വരെയും നിലനിന്നു.